തിങ്കളാഴ്‌ച, ഓഗസ്റ്റ് 31, 2015

ബുധനാഴ്‌ച, നവംബർ 07, 2012

പൊട്ടിത്തെറിക്കാത്ത പാചകക്കുറ്റികള്‍

                  എല്ലാ പ്രശ്നങ്ങളും സ്വകാര്യത മാത്രമാക്കി മാറ്റിവെയ്കപ്പെടുക സ്ത്രീത്വത്തിനുമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ദുര്യോഗമാണ്.സ്വകാര്യവും സാമൂഹ്യവുമായ ജീവിതത്തില്‍ മാത്രമല്ല,സ്വപ്നങ്ങളില്‍പ്പോലും ഈ ആണ്‍കോയ്മാ സമൂഹം തന്നെയാകുന്നു അധികാരി.

             സാമൂഹികവും സ്വകാര്യവുമായ ജീവിതത്തിന്‍  വൈരുദ്ധ്യങ്ങളിലല്ല സ്ത്രീ കുഴങ്ങിപ്പോവുന്നത് ;
അവഗണനയിലും കീഴടക്കലിലും പീഢനങ്ങളിലുമാണ്. തീവ്രാനുഭവങ്ങളുടെ ആഴങ്ങളില്‍ നിന്നുള്ള അലര്‍ച്ചകളും  തേങ്ങലുകളും പ്രതീക്ഷകളുമാണ്  സ്ത്രീക്ക് സാഹിത്യം. ജീവിതത്തിന്‍ര  സഹിതത്വം തന്നെയാണ് അതിനെ സ്ഥാനപ്പെടുത്തുന്നതും.
                സച്ചിദാനന്ദന്‍ എഴുതുന്നു:"മലയാളത്തില്‍ സ്ത്രീകള്‍ മൂന്നുതരം രചനകള്‍ നിര്‍വഹിക്കുന്നതായി കാണാം.
ആദ്യത്തേത്,പുരുഷപ്രത്യയശാസ്ത്രം സ്വാംശീകരിച്ച രചനകളാണ്.......രണ്ടാമത്തെ വിഭാഗം സാമൂഹ്യ-സാമുദായിക പ്രശ്നങ്ങളെ ഉത്തരവാദിത്വത്തോടെ പ്രതിപാദിക്കുന്ന രചനകളാണ്.ഇവിടെ സ്ത്രീയുടെ പ്രശ്നവും സാമൂഹ്യപ്രശ്നത്തിന്‍റ ഭാഗമെന്ന നിലയില്‍, ചിലപ്പോള്‍ തീവ്രമായിതന്നെ,കടന്നുവരുന്നുണ്ട്. സ്ത്രീയുടെ അനുഭവജ്ഞാനവും ഐന്ദ്രീയതയും ഈ രചനകളെ സമ്പന്നമാക്കാതിരിക്കുന്നില്ല.....മൂന്നാമത്തെ വിഭാഗം സ്ത്രീകള്‍ക്കുമാത്രം രചിക്കാനാവുന്നതും വിവിധരീതീകളില്‍ സ്വാതന്ത്ര്യബോധം പ്രകടിപ്പിക്കുന്നതുമായ കൃതികളാണ്."(പാപത്തറയുടെ അവതാരിക.കറന്‍റ് ബുക്സ് തൃശ്ശൂര്‍) ഈ മൂന്ന് വിഭാഗവും വ്യത്യസ്ത അനുപാതത്തോടെ ഇവിടെപരിശോധിക്കുന്നു.സ്ത്രീകളുടെ സങ്കീര്‍ണ പ്രശ്നങ്ങളെ സ്ത്രീയായിതന്നെനിന്നുകൊണ്ടുളള പ്രതിരോധമായി അവര്‍ മാറുന്നുണ്ട്. പ്രധിഷേധത്തിന്റെ അണുപോലുമില്ലാതെയുളള  പെണ്‍കീഴ്പെടലാണ് സ്ത്രീപക്ഷവീക്ഷണം നടത്തുന്ന പുരുഷഎഴുത്തുകാരെ പ്രകോപിപ്പിക്കുന്നത്.
                സ്ത്രീശരീരഭാഷയെ നിരന്തരം സ്വന്തം വീക്ഷണപരിതിക്ക്അകത്ത് പ്രതിഷ്ഠിക്കുമ്പോള്‍ സ്വന്തം ഇഛാപൂരണം മാത്രമാണ് ആണ്‍കോയ്മാക്കൂട്ടം  സാധ്യമാക്കിയെടുക്കുന്നത്.ഈ സമാഹാരത്തിലെ കവിതകളോരോന്നും ഏതെങ്കിലും വിധത്തില്‍ പുനരന്വേഷണം തന്നെയാണ്.കുമാരനാശാന്റെ 'സീത' പുനരനുഭവത്തിന്റെ തീവ്രതയില്‍നിന്നാണ് ജീവിതത്തെ പരിശോധിക്കുന്നത്.                    
                ഇടശ്ശേരിയുടെ നായിക പ്രതിരോധത്തിനുളള മാര്‍ഗ്ഗശൂന്യതയില്‍ സ്വന്തം ജീവിതംകൊണ്ടുതന്നെ പ്രതിരോധം നടത്തുന്നതാണ് "വിവാഹസമ്മാന'ത്തില്‍ ദര്‍ശനിയമാവുക.കാമുകനെ അനുജത്തിയുടെ ഭര്‍ത്താവായി കാണുക എന്ന ആത്മസംഘര്‍ഷത്തിലാണ്  അവള്‍ മരണത്തെ ആലിംഗനം ചെയ്യുന്നത്.പക്ഷെ എന്തുകൊണ്ടോ അവിടെയും വിജയംകൊയ്യുന്നത് 'ആണത്തം'തന്നെ! സ്തൈണമൊഴികള്‍ ശൂന്യതയില്‍ വിലയം പ്രാപിക്കുന്നുവെന്നത് എക്കാലത്തെയും നേരാകുന്നു.
                  "പൊട്ടിത്തെറിക്കുന്ന പാചകവാതക-
                    ക്കുറ്റിയിലെ പ്പാമ്പ് തീതുപ്പിനേര്‍ക്കവേ,  
                    കെട്ടടങ്ങുന്നവള്‍, യാത്രക്കിടയിലായ്
                    ആരാന്റെ ദാഹം ശമിപ്പിക്കുവാന്‍ ചൂടു-
                    ചായ പകര്‍ന്നിട്ടെറിഞ്ഞുടയ്ക്കാന്‍ മാത്ര-
                     മാരോമെനഞ്ഞ മണ്‍പാത്രമാകുന്നവള്‍"
-എന്നിങ്ങനെ ഒ.എന്‍.വി., വേഷബാഹുല്യം കൊണ്ട് നടുവൊടിഞ്ഞുപോയ ദൈന്യതയുടെ മൂര്‍ത്തരൂപമായ സ്ത്രീയെ വരച്ചുകാട്ടുന്നു 'പെങ്ങള്‍' എന്ന കവിതയില്‍.
         സര്‍വാംഗവും പ്രവര്‍ത്തനനിരതമായാലും ജീവിക്കുക അപ്രാപ്യമാകുന്നിടത്ത് ഉടല്‍ജീവിതം ഭാരമാകുന്നതിന്റെ നേരനുഭവമാണ് ബുദ്ധിമാന്ദ്യമുള്ള ഒരു പെണ്ണിന്റെ മാതാവിന്റെ വീഹ്വലതകളായി 'കൊല്ലേണ്ടതെങ്ങനെ' പങ്കുവെക്കുന്നത്.
           കമലാദാസ് ഇംഗ്ലിഷിലെഴുതിയ കവിതകള്‍ക്ക് എബ്രഹാം നടത്തിയ വിവര്‍ത്തനമാണ് കോലാട്, നാണി എന്നീ കവിതകള്‍. എല്ലായ്പ്പോഴും വേലക്കാരികള്‍ വെറും വേലക്കാരികള്‍ മാത്രമായി തിരോഭവിക്കുക നിയോഗമാകുന്ന അടുക്കളക്കാരികളാകുന്നു ഇതിലെ സ്ത്രീ കഥാപാത്രങ്ങള്‍.
                 "പീഡാനുഭവത്തിന്റെ തീച്ചൂളകള്‍
                 കണ്ണുനീര്‍ കൊണ്ട് കൈക്കുമ്പിള്‍ നിറച്ച്
                 കാലത്തിന്റെ നനവ് വറ്റാതെ സൂക്ഷിക്കുന്നവര്‍"
ഉയിര്‍ത്തെഴുന്നേല്‍പുകള്‍ സാധ്യമായ മകന്‍, സഹോദരന്‍, നാഥന്‍, വാഴ്ത്തപ്പെട്ടവന്‍ എന്നീ ആണ്‍വര്‍ഗ്ഗത്തോട് ഉയിര്‍ത്തെഴുന്നേല്‍ക്കാനാവതില്ലാത്ത പീഢാനുഭവങ്ങള്‍ക്കുമുന്നില്‍ വെറും മറിയമാര്‍ മാത്രമായിത്തീരുന്ന സമകാലിക അനുഭവം- ഇവയുടെ പങ്കുവെക്കലാണ് 'ഞങ്ങള്‍ മറിയമാര്‍'. 'മൂന്ന് അടുക്കളക്കവിതക'ളും 'കണ്ണമ്മ'യും ദൈന്യസ്ത്രൈണചിത്രങ്ങള്‍ തന്നെ.
         നിറം പിടിപ്പിച്ച നാഗരിക സ്ത്രീ അണിഞ്ഞൊരുങ്ങി നില്‍ക്കുന്നത് ബുദ്ധിയുള്ളവരുടെ വിശിഷ്ടമായ മാംസവിഭവമായിത്തീരാനാണ് എന്നും, ലോകവായന നടത്തുന്ന സമഗ്രജീവീതാനുഭവങ്ങള്‍ സ്വായത്തമാക്കുന്ന സ്ത്രീ പൊതുസമൂഹത്തില്‍നിന്ന് തിരസ്കൃതയാവാതിരിക്കുന്നത് എങ്ങനെയെന്നും കെ.ജി. ശങ്കരപ്പിള്ളയുടെ 'തിരസ്കാരം' ബോധ്യപ്പെടുത്തുന്നു.
     
        ആറ്റൂരിന്റെ 'സംക്രമണം' സ്ത്രീയായും മര്‍ദ്ദിതവിഭാഗത്തിന്റെ പ്രതീകമായും നേരിട്ടുതന്നെ സംവദിക്കുന്നു.സ്ത്രീ സമൂഹത്തിന്റെ അളിഞ്ഞുനാറ്റത്തിന് താനും പങ്കാളിയാണ് എന്ന ബോധവുമുള്ള കവി അവള്‍ക്ക് വ്യക്തിത്വം പകരാനൊരുങ്ങുന്നു.അവള്‍ക്ക് ഭയാനകമായ ഉയിര്‍പ്പ് നല്‍കുന്ന 'ട്വിസ്റ്റ് 'ആണ് ഇതിന്റെ മര്‍മ്മം."ആണ്‍ കോയ്മ നടത്തുന്ന ഏറ്റവും രൂക്ഷമായ, ആത്മവിമര്‍ശനമാണ് സംക്രമണം"എന്ന് മുന്‍പ് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

             "പുറപ്പെട്ടേടത്താ-
             ണൊരായിരം കാതമവള്‍ നടന്നിട്ടും.
            കുനിഞ്ഞു വീഴുന്നു-
             ണ്ടൊരായിരം വട്ടം നിവര്‍ന്നു നിന്നിട്ടും
             ഉണര്‍ന്നിട്ടില്ലവളൊരായിരം നെഞ്ചാല്‍ ചവിട്ടു-
             കൊണ്ടിട്ടും" - എന്നിടത്ത് ഇന്നത്തെ സാമൂഹികാന്തരീക്ഷത്തില്‍ ഫെമിനിസത്തെക്കാള്‍ അവശ്യം ഹ്യൂമനിസം തന്നെയെന്ന് കവി ഊന്നുന്നുണ്ടാവാം.
            നീറിപ്പുകയുന്ന പച്ചവിറക്, അടുപ്പിനരികെ മുട്ടുകുത്തീക്കിടന്നുള്ള ഊതല്‍,കണ്‍പോളകളുടെ വീര്‍പ്പ്, പുക കുരുങ്ങിക്കലങ്ങിയ കണ്ണ് , പാറിപറക്കുന്നമുടിയിലെ ചാരത്തിന്റെ ചെതുമ്പല്‍,മുഖത്തെ കരിയുടെപാട്, കക്ഷങ്ങളിലെ വിയര്‍പ്പിന്‍കറ,പുറത്തെ ചെളിയും വിയര്‍പ്പും-എല്ലാം ഏല്‍ക്കുന്ന കചമ്മനിട്ടയുടെ ശാന്തയുടെ ഇടം
ഏതു സ്ത്രീയുടെയും ഇടം തന്നെ.പക്ഷേ,

            "ശാന്തേ,മറക്കാം
            നമുക്കല്പമാത്രകളെങ്കിലും സ്വന്തമാക്കാം
            ഈ ചെറുമുറ്റത്തിരുന്നീ വിശാലമാം
            വിണ്ണിന്റെ ഭംഗികള്‍ ഒന്നിച്ചു പങ്കിടാം"  -എന്ന് പറയാന്‍ തയ്യാറാവുന്ന എത്ര 'ആണത്ത'ങ്ങളുണ്ട് !
           
                           "ഭവാന്റേതു വീട്
                            ഭവാന്റേതു നാട്
                            ഭവാന്റേതു ദൈവം
                            ഭവാന്റേതു കാലം
                            ഭവാന്‍ തന്‍ കൊടിക്കൂറ-
                            യെന്‍മെയ്യിലെങ്ങും
                            കഴുത്തില്‍,വയറ്റില്‍,
                           ഞരമ്പില്‍,മനസ്സില്‍"-എന്ന്,എല്ലാം കീഴടക്കപ്പെട്ടവ മാത്രമെന്ന് ബോധ്യമുള്ളപ്പോള്‍   
അവള്‍ പനിച്ചാലും കുളിച്ച് സുഗന്ധം പരത്താനൊരുങ്ങുന്നു കറുക്കാത്ത മുഖത്തിനായി എന്തു വിട്ടുവീഴ്ചയ്ക്കും
ത്യാഗത്തിനും മനസ്സുകൊണ്ടും ശരീരം കൊണ്ടും ഒരുങ്ങുന്നു 'താരാട്ടി'ലെ അടിമയായ ഭാര്യ അവള്‍ക്കറിയാം,
ഏതുകാലത്തും "കാല്‍ കഴയ്ക്കുവോളം സുഖച്ചന്തയോളം ചുമന്ന് ശീലാവതിയായി തീരുകയാണ് തന്റെ വിധി
സച്ചിദാനന്ദന്റെ താരാട്ട്, രാധയെന്നു വിളിക്കാതിരിക്കൂ, ഇനിയൊന്നു വിശ്രമിക്കട്ടെ എന്നിവയെല്ലാം സ്ത്രീയനുഭവത്തിന്റെ തീവ്രാവിഷ്കാരങ്ങളാകുന്നു.
                               "കരിപറ്റിയ കൈയാല്‍
                                മരണം വരെത്തീരാ-
                                മഹാഭാഗവതം ഞാന്‍
                                മറിച്ചു വായിക്കുന്നു                 
                               മടിയാതെന്നും,അങ്ങ്
                              കേള്‍ക്കുവാന്‍ വരുന്നില്ല
അടുക്കളഭാഗവതത്തിന്റെ പുകയും കരിയുമേറ്റ് സ്വയം വിലപിക്കുമ്പോള്‍ ആഖ്യാതാവും ശ്രോതാവും ഒരാള്‍തന്നെയായിത്തീരുന്ന വൈരുദ്ധ്യം വിസ്മരിക്കുകവയ്യ.അടുക്കളയില്‍ തേഞ്ഞുതീരുന്ന സ്ത്രീക്ക് ഒരു നേര്‍ത്ത സാമീപ്യംകൊണ്ടുപോലും കുളിരുപകരാതെപോകുന്ന പുരുഷന്‍ വിജയലക്ഷ്​മിയുടെ 'ഭാഗവത'ത്തില്‍ കടന്നുവരു​മ്പോള്‍,സ്വയം അതിജീവിക്കാന്‍ ശ്രമിക്കുന്ന സ്ത്രീയുടെ അവസ്ഥയെന്താണെന്നുനോക്കൂ!ഇത്തരമൊരു പ്രശ്നത്തെയാണ് സാവിത്രിരാജീവന്‍ അനാവരണംചെയ്യുന്നത്.അവള്‍ക്ക് കുടുംബവും സമൂഹവും മറ്റൊരു 'സല്‍പേര്' ചാര്‍ത്താന്‍കാത്തുകിടക്കുന്നു.അതിനാല്‍ത്തന്നെ അരങ്ങത്തും അണിയറയിലും ഉപകരണം മാത്രമാണവള്‍.പ്രതിഷ്ഠ,അങ്ങാടിയില്‍ ജയിച്ചതിനാല്‍,ഉയിര്‍പ്പ് എന്നിവ സംവാദാത്മകസാധ്യതയുള്ള കവിതകള്‍തന്നെ.
           കവിതയ്ക്ക് ,ആത്മഹത്യയില്‍നിന്ന് തിരിച്ചുവരുന്നത് വിഷയമാവുന്നത് ആദ്യമാണ്.കുരീപ്പുഴ ശ്രീകുമാറിന്റെ 'തിരിച്ചുവന്നവള്‍' അത്തരത്തിലൊന്നാണ്. ഡി.വിനയചന്ദ്രന്റെ പെങ്ങള്‍,അനിതതമ്പിയുടെ മുറ്റമടിക്കുമ്പോള്‍,പാവം,ഒഴുക്ക്,വി.എം.ഗിരിജയുടെ ചെറിയ കരിപുരണ്ട ലോകത്തിലെ സ്ത്രീയുടെ സ്വപ്നം,പി.പി.രാമചന്ദ്രന്റെ ഒരുവള്‍,റഫീക് അഹമ്മദിന്റെ മറവിക്കാരി,എ.സി.ശ്രീഹരിയുടെ പിറവി,മണമ്പൂര്‍ രാജന്‍ബാബുവിന്റെ പക്ഷേ പണംമുടക്കാനാവില്ല,വിശപ്പിന്റെപ്രണയചേഷ്ടകള്‍,പവിത്രന്‍തീക്കുനിയുടെ അശാന്തം,ചമ്മന്തി,വീരാന്‍കുട്ടിയുടെ കോഴിക്കോട് ഒരു വെളുപ്പാന്‍കാലത്ത്,എസ്.ജോസഫിന്റെ അമ്മ,ടി.പി.രാജീവന്റെ ലീല ,ഗീതാഹിരണ്യന്റെ അര്‍ദ്ധനാരീശ്വരന്‍, കരിവെള്ളൂര്‍ മുരളിയുടെ ഇരുള്‍മൊഴികള്‍, മാധവന്‍ പുറച്ചേരിയുടെ ഇടം, ആശാലതയുടെ ഉടല്‍, ജിനേഷ് കുമാര്‍എരമത്തിന്റെ ഇവള്‍, സി.കെ.കുഞ്ഞിരാമന്റെ കോഴി, പ്രമോദ് അന്നൂക്കാരന്റെ കനലടുപ്പ്, സി.എം.വിനയചന്ദ്രന്റെ പുതിയ പൂക്കാലം, മീനാകുമാരിയുടെ സ്ത്രീ, കൃഷ്ണന്‍ നടുവലത്തിന്റെ ഏറ്റവും പ്രിയങ്കരനായ ശത്രുവിനോട് ഇത്രമാത്രം, പ്രമോദ് ആലപ്പടമ്പന്റെ ഭാഗ്യവതി എന്നിവയെല്ലാം സ്ത്രീപ്രശ്നങ്ങളുടെ ശക്തമായ വരമൊഴികളാണ്.
         ലിംഗപദവീവ്യത്യാസം മാത്രമല്ല,ലിംഗവ്യത്യാസവും വ്യക്തിജീവിതത്തില്‍ ആഴമുള്ള അടിമത്തം രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകഘടകമായി പ്രവര്‍ത്തിക്കുന്നുണ്ട്.ഈ വ്യത്യാസത്തില്‍നിന്നുകൂടിയാണ് അധീശത്വത്തിനുള്ള അധികാരം പുരുഷന്‍ നേടിയത്. അധികാരസ്ഥാപനമല്ല,സഹവര്‍ത്തിത്ത്വവും സഹകരണവുമാണ് സ്ത്രീ ഗൃഹാന്തരീക്ഷത്തില്‍ കൊതിക്കുന്നത്.'പാചകങ്ങള്‍ക്കൊപ്പം വാചകംകൂടി വിളമ്പുന്ന' പൊട്ടിത്തെറിക്കാതെ ഒരഗ്നിപര്‍വ്വതം ഉള്ളിലൊളിപ്പിച്ച പാചകക്കുറ്റികള്‍- അതുമാത്രമാവുന്നു സ്ത്രീ.അവര്‍ക്കെന്നാണ് തന്നില്‍നിന്നും ആള്‍ക്കൂട്ടത്തിന്റെ(ആണ്‍കൂട്ടത്തിന്റെ) അധീശത്വത്തില്‍നിന്നും രക്ഷപ്പെടാനാവുക!








പച്ച

പല മരംകൊണ്ടൊരു കാവുതീര്‍ക്കാന്‍
ഒരുമരം നട്ടുനനച്ചൊരുക്കൂ!
വള്ളിപ്പടര്‍പ്പും ചെറുചെടിയും
നട്ടുനനച്ചു വളമൊരുക്കൂ...
ജീവിക്കുവാനുള്ളിടമൊരുക്കി
ജീവിവര്‍ഗ്ഗങ്ങള്‍ക്കു നാവുനല്‍കൂ...
കാവുതീര്‍ക്കാനായൊരുങ്ങി നില്‍ക്കും
നിങ്ങള്‍-ഭൂമികുളിര്‍ക്കുവാന്‍ നീരുനല്‍കും
ഉടലും മനവും കുളിരില്‍മുങ്ങി
ഭൂമിമാതാവുമനുഗ്രഹിക്കും.
അപ്പൊഴേ നിങ്ങള്‍തന്‍ ജീവിതവും
മേല്‍ക്കുമേല്‍ പച്ചപിടിച്ചിരിക്കും....

ഒറ്റമരം

                   ഒറ്റമരം

    നിവര്‍ന്നുനില്‍ക്കുന്ന

      ഒറ്റമരത്തെ,

      അത്

     എത്രവലുതായാലും

     പടര്‍ന്നുപന്തലിച്ചതായാലും

     കാതലുള്ളതായാലും

     കടപുഴക്കുക എളുപ്പമാണ്.

     ചില്ലകളില്‍

     കൂടുകൂട്ടിയും

     ശാഖകളിലൂഞ്ഞാലുകെട്ടിയും 

     തിമിര്‍ത്തവര്‍ക്ക്

     അപകടം മണത്തറിഞ്ഞ്

     രക്ഷനേടാം.

     ആത്മബന്ധം,

     വേര്‍പിരിയാന്‍

     തടസ്സമായവര്‍ക്ക്

    നിലത്ത്

    ഞെരിഞ്ഞമരാം.

   അപ്പോഴും

   ചാഞ്ഞുപോയ മരത്തിന്

   മുകളിലേക്ക്

   പലരും

   ഓടിക്കയറിക്കൊണ്ടിരിക്കും.

     

ചൊവ്വാഴ്ച, ഒക്‌ടോബർ 11, 2011

ചൂല്


ചൂല്
'! ചൂലേ -'
യെന്ന പ്രഭാത ഗാനത്തിനു മുമ്പ് ,
(അത്
എന്നേ
ഗാനംപോലെ
ആസ്വദിക്കാന്‍ തുടങ്ങിയിരുന്നില്ല !)
അകവും
മുറ്റവും
പരിസരവുമെല്ലാം
വ്യാകരണത്തെറ്റില്ലാതെ
തൂത്തുവാരി
വൃത്തിയാക്കിക്കഴിഞ്ഞിരിക്കും.

കഴുകിയും തുടച്ചും വേവിച്ചും
സ്വയം വെന്തും
നക്ഷത്രങ്ങള്‍ കണ്ണുചിമ്മിത്തുറക്കുമ്പോഴേക്കും
ഒരു മൂലയില്‍ 
ചാരിവയ്കും വിധമായിക്കഴിഞ്ഞിരിക്കും. 

അപ്പോഴാവും 
വിയര്‍പ്പിന്‍ തിരകളും
കിതപ്പും
മൂട്ടഗന്ധവും
തന്നിലേക്കൊഴുകിയിറങ്ങുന്നത്
അസഹ്യതയോടെ
സ്വീകരിക്കേണ്ടിവരിക.

വ്യാകരണത്തെറ്റില്ലാതെ
വീണ്ടും
ഉണര്‍ച്ചകള്‍
കാത്തിരിപ്പുണ്ട്.
(അതിന്
ഉറക്കമില്ലല്ലോ...) 


ചൊവ്വാഴ്ച, ഓഗസ്റ്റ് 23, 2011

കവിത

ചുമട്ടുകാരി
ഉടല്‍ജീവിതം ഭാരമാകുന്ന ഓരോ സ്ത്രീക്കും ..ഉടല്‍ ഭാരമാകുന്ന ഓരോ സ്ത്രീയും ചുമട്ടുകാരികള്‍ മാത്രമാണ് .
ചുമടുമായവള്‍...
സ്വന്തം ചുമടുമായവര്‍ -
ഉടലുഭേദിച്ചു തെറിച്ചുനില്‍ക്കുന്ന
കുപിതകൌമാരം
കനത്ത ചുമടായി വരിഞ്ഞുചുറ്റുന്നു.

കുളിച്ചുശുദ്ധയായ് തിരിച്ചുപോരുമ്പോള്‍
തിണര്‍ത്തരക്തത്തിന്‍ മണല്ത്തരികളി -
ന്നരികത്തുനിന്നു വിളിച്ചു ചൊല്ലുന്നു :
ഉടലെഴുത്തെല്ലാം കനമായ് നില്‍ക്കുമ്പോള്‍
ചുമടുകളെത്ര നിനക്കിത്എല്ക്കുവാന്‍ .
അടുക്കളച്ചുമ,ടകത്തളച്ചുമ,ടടര്‍ന്നജീവിത-
ചുമടുകളെത്രയവശേഷിക്കുന്നു.
ചുമടിതെങ്ങനെ യിറക്കിവെച്ചിടും!
അടുത്ത ജന്മത്തില്‍ ചുമടൊഴിയുമോ?
പിറവിയില്ത്തന്നെ ഞെരിഞ്ഞോടുങ്ങുമോ?


നാവ്

പണയം വെയ്ക്കുവാന്‍
ഒന്നുമില്ലാത്തപ്പോഴാണ്
അത്
വേണ്ടിവന്നത് .
മുറിവേറ്റുപിടഞ്ഞവരും
കഴുത്തറ്റുപോയവരുടെ ബന്ധുക്കളും
പല (നില )പാട്
അറുത്തുമാറ്റാനുദ്യോഗിച്ചു
പരാജയരുചിയറിഞ്ഞവരും
അത്
നന്നായെന്നു
പരസ്പരം മന്ത്രിക്കുകമാത്രം ചെയ്തു .
എനിക്കിപ്പോഴും
ശുഭാപ്തിവിശ്വാസമുണ്ട് ....
പണയം വെക്കേണ്ടിവന്നവരോട്
വിറ്റവര്‍ക്കും
ജപ്തി ചെയ്യപ്പെട്ടവര്‍ക്കും
എന്തുചെയ്യുവാന്‍ കഴിയും !!